നെടുമങ്ങാട്: വെള്ളനാട് കുളക്കോട് പെന്തക്കോസ്ത് പള്ളിക്കു സമീപമുള്ള ജനവാസ മേഖലയിലെ പുരയിടത്തിൽ രണ്ടു കാട്ടുപോത്തുകളെത്തിയത് പ്രദേശത്ത് ആശങ്കയുണ്ടാക്കി. തിങ്കളാഴ്ച പുലർച്ചെയാണ് ഇവയുടെ സാന്നിധ്യം നാട്ടുകാർ ശ്രദ്ധിച്ചത്. വിവരം ലഭിച്ചതിനെ തുടർന്നു വനപാലകരും പോലീസും സ്ഥലത്തെത്തി വ്യാപക പരിശോധനയും നിരീക്ഷണവും ആരംഭിച്ചു.
പാലോട് വനമേഖലയിൽ നിന്നിറങ്ങിയ കാട്ടുപോത്തുകളാണ് ആദ്യം നെടുമങ്ങാട് തേക്കട ഭാഗത്ത് കണ്ടത്. തുടർന്ന് കരിപ്പൂർ, പുതുക്കുളങ്ങര, കൊക്കോതമംഗലം എന്നിവിടങ്ങൾ പിന്നിട്ട് റോഡ് മാർഗം കുളക്കോട്ടിലെത്തിയെന്നാണ് വനവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. രാവിലെ മുതൽ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലൂടെ കാട്ടുപോത്തുകളെ കണ്ടെത്തിയ ഉദ്യോഗസ്ഥർ അവയുടെ നീക്കങ്ങൾ നിരന്തരം നിരീക്ഷിച്ചു.
പിന്നീട് നായകളുടെ കുരകേട്ട് കാട്ടുപോത്തുകൾ മേലാംകോട് ഭാഗത്തേക്ക് നീങ്ങിയതായും കൂവക്കുടിക്കും മേലാംകോടിനും ഇടയിലുള്ള റബർ തോട്ടത്തിനുള്ളിൽ, കുന്നിമുകളിലെ ജലസംഭരണിക്കു സമീപം വിശ്രമിക്കുന്നതായി വീണ്ടും കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ ശ്രീജുവിന്റെ നേതൃത്വത്തിൽ പരുത്തിപ്പള്ളി, പാലോട് റേഞ്ചുകളിലെ ദ്രുതപ്രതികരണ സേനാംഗങ്ങളും മറ്റ് വനപാലകരും അഞ്ചു സംഘങ്ങളായി മേഖലയിൽ ക്യാമ്പ് ചെയ്ത് നിരീക്ഷണം തുടരുകയാണ്.
അരുവിക്കര പോലീസിലെ പ്രത്യേക ശാഖാ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. ജില്ലാ വനപാലകൻ ഷാനവാസിന്റെ നേതൃത്വത്തിലും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. അസിസ്റ്റന്റ് വനമൃഗ ചികിത്സാ ഡോ. അരുൺ കുമാറും സ്ഥലത്തെത്തി ആവശ്യമായ നിർദേശങ്ങൾ നൽകി.
ജനക്കൂട്ടം രൂപപ്പെട്ടാൽ കാട്ടുപോത്തുകൾ പരിഭ്രാന്തരായി ആക്രമണസ്വഭാവം കാണിക്കാനോ നിയന്ത്രണംവിട്ട് ഓടാനോ സാധ്യതയുള്ളതിനാൽ കൗതുകത്തിനായി ആരും പ്രദേശത്തേക്ക് എത്തരുതെന്നു വനവകുപ്പ് മുന്നറിയിപ്പ് നൽകി. സുരക്ഷ ഉറപ്പാക്കിയ ശേഷം കാട്ടുപോത്തുകളെ വനത്തിനുള്ളിലേക്ക് തിരിച്ചയക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
ആര്യനാട്, ഇഞ്ചാപുരി, കുറ്റിച്ചൽ, കോട്ടൂർ, നെയ്യാർ ഡാം, മരക്കുന്നം തുടങ്ങിയ മേഖലകളിൽ അടുത്തകാലത്തായി കാട്ടുപോത്തുകളുടെ സാന്നിധ്യം പതിവായിട്ടുണ്ട്. രണ്ട് മാസം മുമ്പ് കാട്ടുപോത്തിനെ തുരത്തുന്നതിനിടെ പരുത്തിപ്പള്ളി റേഞ്ച് ഓഫീസർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവവും ഈ മേഖലയിലുണ്ടായിരുന്നു.